വടക്കഞ്ചേരി: കെഎസ്ആർടിസി ബസുകളിൽ പ്രായഭേദമന്യേ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയുടെ വടക്കഞ്ചേരി ഡിപ്പോതല ഉദ്ഘാടനം രാവിലെ ഒമ്പതിനു പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കും. ഡിപ്പോയിൽ നിന്നുള്ള ബസുകൾ സർവീസ് നടത്തുന്ന മംഗലംഡാമിലും നെന്മാറയിലും ഉദ്ഘാടനങ്ങളുണ്ട്.
ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ എന്നിങ്ങനെ 20 സർവീസുകളാണ് വടക്കഞ്ചേരി ഡിപ്പോയിൽനിന്നും സൗജന്യ യാത്രക്കുള്ളത്. ബസിന്റെ ഡോറിലും മുന്നിലും പിറകിലും പ്രിയദർശിനി എന്ന സ്റ്റിക്കറുണ്ടാകുമെന്നു ഡിപ്പോ അധികൃതർ പറഞ്ഞു. പാലക്കുഴി, മംഗലംഡാം- ചൂരുപാറ, നെന്മാറ- ഒലിപ്പാറ, മംഗലംഡാം- കടപ്പാറ എന്നീ സൗജന്യ സർവീസുകൾ മലയോര മേഖലയിലേക്കുള്ളതാണ്. ബസുകൾ തിങ്ങിനിറയുന്ന സ്ഥിതിയുണ്ടാകുമെന്ന വിലയിരുത്തലാണ് അധികൃതർക്കുളളത്.
കോങ്ങാട് മണ്ഡലത്തിൽ
കല്ലടിക്കോട്: സംസ്ഥാന സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായുള്ള കെഎസ്ആർടിസി സൗജന് യാത്ര പദ്ധതിയുടെ കോങ്ങാട് നിയോജക മണ്ഡലത്തിലെ ഔപചാരികമായ ഉദ്ഘാടനം ഇന്നുരാവിലെ എട്ടരയ്ക്കു ടിബിയിൽ നടക്കും.
ചിറ്റൂർ മണ്ഡലത്തിൽ
ചിറ്റൂർ: കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോയിൽ നിന്നുള്ള സൗജന്യയാത്ര പദ്ധതി ഇന്നുരാവിലെ എട്ടരയ്ക്ക് കച്ചേരിമേട്ടില് സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.